2009, ഏപ്രിൽ 6, തിങ്കളാഴ്‌ച

ഒരു സാധാരണക്കാരന്റെ ആത്മകഥ

നര്‍മ്മഭാവന
ഒരു സാധാരണക്കാരന്റെ ആത്മകഥ
ബാലേന്ദു
ആത്മകഥയെഴുതുന്നതിനേപ്പറ്റി എന്തെങ്കിലും നിയമം നിലവിലുണ്ടോ എന്നറിയില്ല। ആരും പറഞ്ഞുകേട്ടിട്ടില്ല. എഴുത്തറിയാവുന്ന ആര്‍ക്കും ചെയ്യാവുന്ന കാര്യമാണെങ്കിലും, വായിക്കാന്‍ ആരെങ്കിലും ഉണ്ടാവണം എന്നൊരു പൊതുധാരണ ഇക്കാര്യത്തില്‍ നിലവിലുണ്ട്‌. ഇനി എന്തെങ്കിലും മഹത്വമുള്ളവരേ സ്വന്തം കഥ പറഞ്ഞുകൂടൂ എന്നാണെങ്കില്‍ വഴിയുണ്ട്‌. ഒട്ടു മിക്ക മഹാന്മാരുമായി എനിക്കു ചില കാര്യങ്ങളിലൊക്കെ സാദൃശ്യമുണ്ട്‌. ഓന്നാമത്‌, ഞാന്‍ ജനിച്ച അതേ ഗ്രാമത്തിലല്ലെങ്കിലും അതുള്‍പ്പെട്ട പഞ്ചായത്തില്‍ അറിയപ്പെടു ചില എഴുത്തുകാരൊക്കെ ജനിച്ചിട്ടുണ്ട്‌. പെരുമ്പടവത്ത്‌ ശ്രീധരന്‍ സാറും, ഇലഞ്ഞിയില്‍ ബനിഞ്ഞാമ്മയും. വേറേയും ആരെങ്കിലുമൊക്കെ കാണാതിരിക്കുകയില്ല. ആര്‍ക്കാണെന്നേ ഇവരുടെയൊക്കെ കാര്യത്തിലിത്ര നിശ്ചയം?മഹത്തുക്കളുടെ കാര്യത്തില്‍ അവര്‍ ജനിച്ച സ്ഥലം മുതല്‍ തീയതി വരെ ഒട്ടേറെക്കാര്യങ്ങള്‍ പില്‍ക്കാലത്ത്‌ തര്‍ക്കവിഷയമാവാം, ആവും, ആവണം. എന്നാലേ ഒരാള്‍ മഹാനായി എന്നു തീര്‍ത്തു പറയാനാവൂ. ആ വഴിക്കു പോയാല്‍ എനിക്കു മഹത്വമവകാശപ്പെടാന്‍ നല്ല സാദ്ധ്യതയുണ്ട്‌. ഞാന്‍ ജനിച്ച ദിവസത്തിന്റെ പേരില്‍ അമ്മയും അച്ഛനും തമ്മില്‍പ്പോലും അഭിപ്രായൈക്യമില്ല. ഒരു പാടു തര്‍ക്കങ്ങള്‍ക്കു ശേഷം ചിങ്ങത്തില്‍ ഉത്രാടം അല്ലെങ്കില്‍ മേടം ഒന്ന്‌ എന്ന നിഗമനത്തില്‍ എത്തിയിട്ടുണ്ട്‌. എന്റെ അവതരണം കൊണ്ട്‌ വീട്ടില്‍ ഏതോ ഒരാഘോഷം മുടങ്ങി എന്ന്‌ രണ്ടു പേരും കൃത്യമായി ഓര്‍ക്കുന്നുണ്ട്‌. അതാണ്‌ ആ ദിവസത്തിന്റെ കാര്യത്തില്‍ ഇത്രയെങ്കിലും അഭിപ്രായസാദൃശ്യം ഉണ്ടായത്‌.എന്റെ ജന്മസ്ഥലം എന്ന നിലയ്ക്ക്‌ പ്രസിദ്ധമാകാനിരിക്കുന്ന ഉള്‍നാടന്‍ ഗ്രാമത്തിന്റെ പേര്‍ മുത്തലപുരം. പഴയ വടക്കുംകൂറിലാണ്‌. എങ്ങാണ്ടോ ഉള്ള ഒരു മുതലപ്പുറവുമായി ആശയക്കുഴപ്പം വരാതിരിക്കാന്‍ തപാല്‍ വകുപ്പ്‌ ഇതിനെ മുത്തോലപുരമാക്കി. അതല്‌പം കടന്ന കയ്യായിപ്പോയി. തൊട്ടടുത്തുള്ള കോട്ടയം ജില്ലക്കാര്‍ക്ക്‌ എന്തുകൊണ്ടോ മുത്താലപുരം എന്നു പറഞ്ഞാലേ തൃപ്തി വരൂ. നോക്കണേ ഓരോ വക്രബുദ്ധി! അഭിമാനപുരസ്സരം സ്വന്തം നെഞ്ചില്‍ തട്ടിക്കൊണ്ട്‌ വിളിച്ചുച്ചരിക്കാന്‍ തക്കതായി ഞാന്‍ ജനിക്കുതിനുമുമ്പ്‌ ഈ നാട്ടില്‍ ഒന്നും സംഭവിക്കാതിരുന്നതിനു ഞാന്‍ ഉത്തരവാദിയല്ല. അച്ഛന്റെ കുടുംബപ്പേര്‍ ഇടവഴിക്കല്‍ എന്നായതിലും വീട്ടുപേര്‍ കൂരാപ്പിള്ളില്‍ എന്നായതിലും എനിക്കു യാതൊരു പങ്കുമില്ല. തലമുറകളായി കുടുംബത്തില്‍ നടന്നു വന്നിരുന്ന നടപടിയാണ്‌, നാലക്ഷരം പഠിച്ചവര്‍ പ്രഭുകുടുംബങ്ങളിലെ കുട്ടികളെ എഴുത്തു പഠിപ്പിക്കുക, സ്വന്തം സന്താനങ്ങളെ അവരുടെ തലേലെഴുത്തിന്റെ വരുതിക്കു വിടുക എന്നത്‌. കുറേക്കാലം മുമ്പുവരെ ഞങ്ങടെ കാരണവന്മാര്‍ക്കു മറ്റൊരു വിനോദമുണ്ടായിരുന്നു, സ്വന്തക്കാരെ കോടതി കയറ്റുക. പറവൂരിലുള്ള അരഡസന്‍ കറുത്ത കുപ്പായക്കാരുടേയും കൂത്താട്ടുകുളത്തുണ്ടായിരുന്ന ആധാരമെഴുത്തുകാരുടെയും കുടുംബാംഗങ്ങള്‍ നല്ല നിലയില്‍ കഴിഞ്ഞുപോന്നത്‌ ഞങ്ങളുടെ കാരണവന്മാരെക്കൊണ്ടായിരുന്നു. കാലത്ത്‌, ഉച്ചയ്ക്ക്‌, വൈകിട്ട്‌ എന്ന ഭേദമൊന്നുമില്ലാതെ പുറത്തളത്തില്‍ നിന്നും, പത്തായപ്പുരയില്‍ നിന്നും മുഴങ്ങിക്കേട്ടിരുന്ന വീരവാദങ്ങളുണ്ട്‌: "കുത്തുപാളയെടുത്താലും വേണ്ടില്ല, ഈ ധിക്കാരികളെയൊക്കെ കച്ചേരി കേറ്റീട്ടു വേറെ കാര്യം. അതു സാധിച്ചില്ലേല്‍ പാച്ചൂന്നൊള്ള പേരു പട്ടിക്കിട്ടോ!" എന്നാണവയുടെ ഭരതവാക്യം. കാലാകാലങ്ങളില്‍ പേരു മാത്രം മാറി, കോമു, കിട്ടന്‍, നാണു. ഡയലോഗു അതു തന്നെ. വൈകിട്ടു മിക്കവരും മോന്തുന്ന മരനീരിന്റെ ഉറവിടവും ഒന്നു തന്നെ. വെട്ടിടിയിലെ കോളേജ്‌ എന്നു പരക്കെ അറിയപ്പെടുന്ന കള്ളുഷാപ്പ്‌ഇപ്പറഞ്ഞ കിട്ടുവും വേലുവും പാച്ചുവും മറ്റും തീറാധാരങ്ങളില്‍ കാണുന്ന പേരുകളല്ല. അവയുടെ സ്ഥൂലരൂപങ്ങള്‍ ആധാരമെഴുത്തുകാര്‍ക്കും വക്കീല്‍ ഗുമസ്തന്മാര്‍ക്കും അറിയാം. മാധവന്‍ പിള്ള കൃഷ്ണപിള്ളയും ആദിച്ചക്കൈമള്‍ പരമേശ്വരക്കൈമളും, കേശവന്‍ നായര്‍ വേലായുധന്‍ നായരുമൊക്കെ എഴുത്തുകാര്‍ക്കു സുപരിചിതര്‍! ആണ്ടില്‍ നാലുതവണവീതമെങ്കിലും കേസു കൊടുക്കാനും തീറാധാരം എഴുതിക്കാനും ചെല്ലുന്നവരല്ലേ? ഏതു വസ്തുവാണെന്നും, ആര്‍ക്കാണു കൊടുക്കുന്നതെന്നും മാത്രമേ ഈ ഇംഗിതജ്ഞന്മാര്‍ അന്വേഷിക്കാറുള്ളൂ. ഇടയ്ക്കിടെ ആധാരമെഴുത്തുകാര്‍ പറയുമത്രേ, "അടുത്ത തവണ, മൂത്തേമ്മളു മാത്രം വന്നാ മതി. വസ്തു ഈയുള്ളവന്‍ വാങ്ങിക്കോളാം." ഏന്തൊരാശ്വാസം!ഇത്ര വളരെയൊക്കെ പറഞ്ഞെങ്കിലും, എന്റെ പേരെന്താണെന്നു പറയാന്‍ വിട്ടുപോയി, അല്ലേ? അതും പറഞ്ഞാല്‍ പെട്ടെന്നങ്ങു തീരുകയില്ല. മാതാപിതാക്കള്‍ക്കും, അഞ്ചു മൂത്ത സഹോദരിമാര്‍ക്കും, രണ്ടു കൊച്ചമ്മമാര്‍ക്കും, മൂന്നമ്മാവന്മാര്‍ക്കും, ഒരു കൊച്ചച്ഛനും സ്ഥാപിതതാല്‍പര്യക്കാരായ ഏതാനും അയല്‍ക്കാര്‍ക്കും അസംഖ്യം ബന്ധുക്കള്‍ക്കും ഇഷ്ടത്തിനൊത്തു പേരിടാന്‍ വളരെക്കാലം കൂടി ഒരാണ്‍തരി വന്നു കിട്ടിയതാണ്‌. എല്ലാവരും അറിഞ്ഞു പെരുമാറി. മറ്റൊരു സഹസ്രനാമാവലി തന്നെ രചിക്കപ്പെട്ടുവത്രേ. ഏതായാലും ആഴ്ചകളെയെങ്കിലും അതിജീവിച്ചവ വെറും നാലെണ്ണം. നാരായണന്‍, ചന്ദ്രശേഖര്‍, അപ്പുക്കുട്ടന്‍, കുഞ്ഞിക്കുട്ടന്‍. (ഇതിനിടെ അല്‍പ്പം ശാഖാചംക്രമണം. പഴയ അനുഭവങ്ങളുടെ വെളിച്ചത്തില്‍, ചേച്ചിമാരില്‍ ഒരാള്‍ മനസ്സിലാക്കിയിരുന്നു, എനിക്കിടുന്ന പേരു മുത്തലപുരത്തു തുടര്‍ന്നുണ്ടാവാനിരിക്കുന്ന എണ്ണമറ്റ പുരുഷസന്താനങ്ങള്‍ക്കും, വിദ്യാലയപ്രവേശം വഴി ഇതിനകം പേരു സ്ഥിരമാകാത്ത കാല്‍ഡസന്‍ "ചേട്ടന്മാര്‍ക്കും" നല്‍കാന്‍ അക്ഷമരായി കാത്തിരിക്കുന്ന അയല്‍ക്കാര്‍ ഉണ്ടെന്ന്. അതുകൊണ്ടവര്‍ നാരായണന്‍ എന്ന പേരിന്‌ വേണ്ടത്ര പ്രചരണം കൊടുക്കുകയും, ചന്ദ്രശേഖര്‍ എന്നത്‌ തികച്ചും നാലരക്കൊല്ലത്തിനു ശേഷം മാത്രം വെളിപ്പെടുത്തുകയും ചെയ്തു. മേല്‍പ്പറഞ്ഞ നാരായണ നാമപ്പെരുപ്പം കാരണം താമസം വിനാ നാമങ്ങളോടൊപ്പം പല അലങ്കാരങ്ങളും ചേര്‍ന്നു, മൂരി, പൊട്ടന്‍, മാങ്ങാക്കറി, കുള്ളന്‍, ക്ഷുരകന്‍ ഇത്യാദി. അതിലൊന്ന്‌ എനിക്ക്‌ എന്റെ സ്നേഹസമ്പരായ അയല്‍ക്കാര്‍ കനിഞ്ഞേകിയതാണ്‌. അല്‍പം അത്മാഭിമാനം ബാക്കിയുള്ളതിനാല്‍ ഞാനായിട്ട്‌ അതു വെളിപ്പെടുത്തുന്നില്ല.)കൃഷ്ണന്‍ നായര്‍ ചന്ദ്രശേഖരന്‍ നായര്‍ എന്ന പേരില്‍ വളര്‍ന്ന ഒരാളുടെ ജീവിതത്തില്‍ ആത്മകഥയെഴുതാന്‍ തക്കപോലെ എന്തുണ്ടാവാനാന്‍ എന്നാണ്‌ എതിര്‍വാദമെങ്കില്‍, എനിക്കു യോഗ്യമായ ഒരു മുന്‍ നടപടി സമര്‍പ്പിക്കുവാനുണ്ട്‌. തികച്ചും കലാപരം. ഞങ്ങളുടെ നാട്ടിലൊരാള്‍ കുറേക്കാലം കഥാപ്രസംഗവുമായി മല്‍പ്പിടുത്തം നടത്തിനോക്കിയിരുന്നു. അങ്ങേരുടെ റിഹേഴ്സലുകളില്‍ മുടങ്ങാതെ ഹാജര്‍ വെച്ചിരുന്നയാളാണു ഞാന്‍. അദ്ദേഹത്തിന്റെ പരിപാടികളില്‍ കൂടെ കൊണ്ടുപോകുമെന്നൊരു സ്വകാര്യപ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നതുകൊണ്ടാണത്‌. കഥാപ്രസംഗത്തിന്റെ ഭാഗമായി അയാള്‍ ഉപയോഗിച്ചിരുന്ന ഒരു സ്റ്റൈലന്‍ പ്രയോഗമുണ്ടായിരുന്നു, "കണ്വാശ്രമത്തിലെ ശകുന്തളയ്ക്കു, സൂത്രത്തില്‍ തിരിഞ്ഞു നോക്കാമെങ്കില്‍, എന്തുകൊണ്ടു നമ്മുടെ പാവം മാളുവിനായിക്കൂടാ." ഇതു തന്നെയൊണ്‌ കീഴ്‌വഴക്കം ഉദ്ധരിച്ചുകൊണ്ട്‌ എനിക്കും ചോദിക്കാനുള്ളത്‌. "കരംചന്ദ്‌ മകന്‍ മോഹന്‍ ദാസിനും, മോത്തിലാല്‍ മകന്‍ ജവഹറിനുമാകാമെങ്കില്‍ എന്തുകൊണ്ടെനിക്കായിക്കൂടാ?"വലിയവലിയ മഹാത്മാക്കളുമായി എനിക്കുള്ള സാമ്യം വേറേയുമുണ്ട്‌. എന്നെപ്പേറ്റി പലര്‍ക്കുമുള്ളത്‌ വേറേ വേറേ അഭിപ്രായമാണ്‌. അച്ഛന്‍ മറച്ചു വയ്ക്കാറില്ലാത്ത അഭിപ്രായം: "അപ്പൂട്ടനോ, അവനൊരു മടിയനാ." അമ്മയുടെ അഭിപ്രായം അത്രയും ദോഷകരമല്ലെങ്കിലും, അനുമോദനപരമല്ല. "അവനൊരു പാവമാ, ഇരുത്തിയാ ഇരുത്തിയോടത്തിരുന്നോളും." അമ്മായിയുടെ പക്ഷം, "പാവം, അപ്പൂട്ടന്‍!" വകയിലൊരു ചേടത്തി എപ്പേറ്റി "അന്തോം കുന്തോമില്ലാത്തവന്‍" എന്നു പറഞ്ഞതായി എനിക്കറിവു കിട്ടി. അവരെ ഒരിക്കല്‍ ഒരാശുപത്രീടെ നാലാം നിലയിലേയ്ക്കു വണ്ടിയേല്‍ക്കിടത്തി ഒറ്റയ്ക്ക്‌ തള്ളിക്കയറ്റിയപ്പോള്‍, അവരു പറഞ്ഞതു പോലെ എനിക്കു അന്തവും കുന്തവുമില്ലാതിരുന്നെങ്കില്‍ കാണാമായിരുന്നു, അവരുടെ കാര്യം കുന്തമാവുത്‌. വേറെയൊരു ചേടത്തി പറഞ്ഞതു കുറേക്കൂടി കടുംകയ്യായിപ്പോയി, "കണ്ടാലാളൊരു പൊട്ടനാണെന്നു തോന്നുമെങ്കിലും സ്നേഹമുള്ളോനാ." അവരിങ്ങനെ പറഞ്ഞതായിട്ടു ഞാനറിഞ്ഞതിനു ശേഷം അവര്‍ക്ക്‌ ആ അഭിപ്രായം മൊത്തം മാറ്റേണ്ടതായി വന്നു.വീട്ടുകാരും നാട്ടുകാരും ഒത്തൊരുമിച്ചും വെവ്വേറയുമായി അനുവദിച്ചുതന്ന ഒട്ടേറെ പേരുകള്‍ക്കും, അഭിപ്രായങ്ങള്‍ക്കുമിടയില്‍ ഞാന്‍ നട്ടം തിരിഞ്ഞുവെന്നു പറഞ്ഞാല്‍ ക്കഴിഞ്ഞല്ലോ!. എനിക്ക്‌ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങള്‍ വേറേയുമുണ്ട്‌. അവയില്‍ ഒന്ന് പരസ്യങ്ങാളാണ്‌. കേട്ടിട്ടില്ലേ ഒരുതരം സോപ്പിനെപ്പറ്റി. അതുള്ളിടത്തുനിന്നും തല്ലിയിറക്കിയാലും ആരോഗ്യം പോവില്ലെന്നൊക്കെ പരസ്യം വരുന്നത്‌. എത്രയോ തവണ ഞാനതുപയോഗിച്ചു നോക്കി. എങ്ങിനെയെങ്കിലും അഞ്ചാറു കിലോ തൂക്കം കൂടിക്കിട്ടിയാല്‍ എയര്‍ഫോര്‍സില്‍ ചേരാമെന്നു സ്വപ്നം കണ്ടു നടന്നിരുന്ന കാലത്തെ കഥയാ. എന്റെ തൂക്കം അരക്കഴഞ്ചു പോലും കൂടിയില്ല. അല്‍പസ്വല്‍പം കുറഞ്ഞില്ലേ എന്നു സംശയമുണ്ട്‌. പിന്നെപ്പിന്നെ എനിക്കു സംശയമായി ആ സോപ്പു തേച്ചുകുളിക്കാനുള്ളതു തന്നെയെല്ലേ എന്ന്.അതിനിടെ മറ്റൊരു പരസ്യം. ഒരു രസായനത്തിന്റേത്‌. ദൈവാനുഗ്രഹം കുപ്പിയിലാക്കി കയ്യില്‍ കിട്ടിയ പോലെയാണെനിക്കു തോന്നിയത്‌. പിന്നെ കുറച്ചു നാള്‍ രസായനം പരീക്ഷിച്ചു. ചെറിയൊരു ജോലി കിട്ടിയതിനും പെണ്ണു കെട്ടിയതിനും ഇടയ്ക്കുള്ള സുവര്‍ണ്ണകാലഘട്ടമായിരുന്നു. അന്നൊക്കെ ഒരു കാര്യത്തില്‍ ഒരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി വേറേ. കുമാരി വൈഷ്ണവി ദേവി ശ്രീമതി ദേവി ചന്ദ്രശേഖറായി, വലത്തുകാലും വച്ചു ഉമ്മറപ്പടി അകത്തോട്ടു കടന്നതില്‍പ്പിന്നെ എനിക്കൊരു കാര്യത്തിലും തീരുമാനമെടുക്കേണ്ടതായി വന്നിട്ടില്ല. സ്വപ്നത്തില്‍പ്പോലും. പണ്ടേതോ ഒരു കേമന്‍, മനുവെന്നോ മറ്റോ ആയിരുന്നു പേര്‌, പറഞ്ഞുവച്ചിട്ടുണ്ടത്രേ, "സ്ത്രീകള്‍ക്ക്‌ അഭിപ്രായസ്വാതന്ത്ര്യം കൊടുക്കരുത്‌" എന്ന്‌. ശുദ്ധ വിവരക്കേട്‌. അയാള്‍ ഒന്നുകില്‍ നിത്യബ്രഹ്മചാരിയായിരുന്നു. അല്ലെങ്കില്‍, ഭാര്യ പറഞ്ഞതനുസരിച്ചാണയാളതു പറഞ്ഞത്‌ . ഇതു രണ്ടുമല്ലെങ്കില്‍ ഇതു പറഞ്ഞതിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളത്തില്‍ കുറയാത്ത തുകയ്ക്ക്‌ സാരിയോ മാലയോ വാങ്ങിക്കൊടുക്കേണ്ടി വന്നു കാണും തീര്‍ച്ച!ഞനിത്രയും എഴുതിയത്‌ ശ്രീമതിയോടു ചോദിക്കതെയാണ്‌. ഇന്നു വൈകിട്ടൊന്നു ചോദിച്ചിട്ടു (ഒമ്പതുമണിയുടെ സീരിയലിനിടയ്ക്കു ചോദിച്ചാല്‍ നടക്കാത്ത കാര്യം മറന്നു കളയുതാ ഭേദം) ബാക്കിയെഴുതാം. എന്താ, പോരേ?